എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍

യുഎസ് ഡോളര്‍, പൗണ്ട്, യൂറോ, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെന്‍ എന്നീ വിദേശ കറന്‍സികളില്‍ പ്രവാസിക്കു നിശ്ചിത കാലയളവിലേക്കു നിക്ഷേപം നടത്താനുള്ള സൗകര്യമാണ് ഈ അക്കൗണ്ടിലൂടെ ഒരുക്കുന്നത്.

നിശ്ചിത കാലയളവിലേക്കു നിക്ഷേപം നടത്തുമ്പോള്‍ കറന്‍സി മൂല്യത്തിലുണ്ടാവുന്ന വ്യതിയാനം നിക്ഷേപകനെ ബാധിക്കില്ല. കുറഞ്ഞത് ആയിരം യുഎഡ് ഡോളറോ അതിനു തുല്യമായ മറ്റു വിദേശ കറന്‍സിയോ നിക്ഷേപിക്കാം. വിദേശത്തുനിന്ന് പണമയച്ചോ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്നു ട്രാന്‍സ്ഫര്‍ ചെയ്തോ ഈ അക്കൗണ്ടില്‍ നിക്ഷേപം ആരംഭിക്കാം. ഈ അക്കൗണ്ടിലെ ബാലന്‍സ് തുക മുഴുവനും വിദേശത്ത് ലഭ്യമാക്കാനാവും. ഈ അക്കൗണ്ടിലെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശവരുമാനത്തിന് ഇന്ത്യയില്‍ ആദായനികുതി ഈടാക്കില്ല.

എഫ്സിഎന്‍ആര്‍ നിക്ഷേപത്തിന്റെ പ്രത്യേകതകള്‍ :-

∙ ആകര്‍ഷകമായ പലിശനിരക്കുകള്‍
∙ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപ കാലയളവ്
∙ അര്‍ധവാര്‍ഷികമായോ കാലാവധിയെത്തുന്നതു വരെ സഞ്ചിതമായോ പലിശ ലഭിക്കാനുള്ള സംവിധാനം.
∙ കാലാവധിയെത്തും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പിഴ ഈടാക്കില്ല. ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പലിശ ലഭിക്കില്ല.
∙ കാലാവധി തികയും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ലഭിക്കുന്ന പലിശനിരക്ക് നിരക്ക് നിക്ഷേപം ആരംഭിച്ചപ്പോള്‍ സമ്മതിച്ച പലിശ നിരക്ക്, അല്ലെങ്കില്‍ നിക്ഷേപം ബാങ്കില്‍ നിലനിന്ന കാലത്തിനു ബാധകമായ പലിശനിരക്ക് ഇവയില്‍ കുറവുള്ളതായിരിക്കും.
∙ നിക്ഷേപത്തില്‍ നിന്ന് വായ്പാ സൗകര്യം.
∙ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തനിയേ പുതുക്കാന്‍ നിര്‍ദേശം നല്‍കാനുള്ള സംവിധാനം.