നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട് (ആർഎഫ്സി)

ഇന്ത്യയിലേക്കു തിരിച്ചെത്തുന്ന പ്രവാസിക്കു നിക്ഷേപം വിദേശ കറൻസിയായിത്തന്നെ സൂക്ഷിക്കുന്നതിനുള്ളതാണ് റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട് (ആർഎഫ്സി). ഇന്ത്യയിൽ മടങ്ങിയെത്തി സ്ഥിരവാസമുറപ്പിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അവർ വിദേശത്തുനിന്നു കൊണ്ടുവരുന്ന പണം ഇവിടുത്തെ ബാങ്കിൽ വിദേശ കറൻസിയായി സൂക്ഷിക്കുന്നതിനാണ് ആർഎഫ്സി അക്കൗണ്ട്.

ഇന്ത്യയ്ക്കു പുറത്തുള്ള ബാങ്കുകളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപം, ഓഹരികള്‍, ഇന്ത്യയ്ക്കു പുറത്തുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍, ഇന്ത്യയ്ക്കു പുറത്തുള്ള ബിസിനസ് നിക്ഷേപങ്ങൾ തുടങ്ങിയ രൂപങ്ങളിലാവാം ഈ നിക്ഷേപങ്ങള്‍. വിദേശത്തായിരിക്കുമ്പോഴുള്ള ജോലി, ബിസിനസ് തുടങ്ങിയവയിലൂടെയുള്ള വരുമാനം, എൻആര്‍ഇ/എഫ്സിഎൻആർ അക്കൗണ്ടുകളിലെ സമ്പാദ്യം എന്നിവയും ഇതിലേക്കു മാറ്റാവുന്നതാണ്.

ആർഎഫ്സി അക്കൗണ്ടിലെ നിക്ഷേപം, ഇന്ത്യൻ രൂപയിലാക്കി സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റുന്നതിനും ഹോം ബ്രാഞ്ചിലൂടെ ഇതു പിൻവലിക്കുന്നതിനും സാധിക്കും. സേവിങ്സ് അക്കൗണ്ടിലൂടെ യുഎസ് ഡോളർ, യൂറോ, പൗണ്ട് എന്നീ മൂന്നു കറൻസികളാണ് ഈ അക്കൗണ്ടില്‍ കൈകാര്യം ചെയ്യുന്നത്. നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങളില്‍ യുഎസ് ഡോളർ, യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ എന്നിവയും കൈകാര്യം ചെയ്യാം. ആറു മാസം മുതൽ മൂന്നു വർഷം വരെ ആർഎഫ്സി സ്ഥിരനിക്ഷേപം നടത്തുകയും ചെയ്യാം.